മത്തി ഇങ്ങനെ കറി വെച്ചു നോക്കൂ. അസാധ്യ മസാല.

മത്തി കഴുകി വൃത്തിയാക്കി മുറിച്ച് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളിയുടെ 8 അല്ലി വലുത് ചേർക്കുക. ഇതിലേക്ക് ഒരു കഷണം ഇഞ്ചി ചെറുതായി മുറിച്ച് ചേർക്കുക. ഇതോടൊപ്പം ഇതിലേക്ക് നാലു വലിയ പച്ചമുളകും, മൂന്നു തണ്ട് കറിവേപ്പിലയും, 20 ചെറിയുള്ളിയും ചേർത്ത് മിക്സിയിൽ ചെറുതായി അരച്ച് എടുക്കുക.

മിക്സിയിൽ അരക്കുമ്പോൾ പേസ്റ്റ് രൂപത്തിൽ ആവാൻ പാടില്ല. ഒരു മൺ ചട്ടിയിലേക്ക് മിക്സിയിൽ അരച്ച് വച്ചിരിക്കുന്ന കൂട്ട് ഇടുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ഒരു നുള്ള് ഉലുവ പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക.

നന്നായി മിക്സ് ആക്കിയ ഈ കൂട്ടിലേക്ക് അര ഗ്ലാസ് കുടംപുളി ഇട്ടു വച്ച വെള്ളവും കുടംപുളിയും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ കഴുകി വൃത്തിയാക്കി വെച്ചിരുന്ന മത്തി ഇട്ട് വീണ്ടും മിക്സ് ചെയ്യുക. മത്തിയുടെ എല്ലാ ഭാഗത്തും മസാല പിടിക്കണം.

ഇതിലേക്ക് ഒരല്പം കറിവേപ്പിലയും കൂടി മുകളിൽ വിതറി അതിനുശേഷം ഗ്യാസ് ഓൺ ചെയ്ത് അടച്ച് വെച്ച് തിളപ്പിക്കുക. ഇതിൽ നിന്നും വെള്ളം എല്ലാം വറ്റുന്നതുവരെ തിളപ്പിക്കുക. വെള്ളം എല്ലാം പറ്റി വന്നാൽ, ഇതിന് മുകളിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും വിതറുക. ശേഷം തീ ചുരുക്കി പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Lillys natural tips