ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ ഒരു സബോള സ്ലൈസ് ആയി അരിഞ്ഞതും ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി വഴറ്റിയെടുക്കുക. സബോള സോഫ്റ്റായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. സബോളയുടെ നിറം ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കുക.
ചേർത്തിരിക്കുന്ന പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് വേവിച്ച് തൊലികളഞ്ഞ് ഉടച്ചെടുത്ത ഉരുള കിഴങ്ങ് അര കപ്പ് ചേർക്കുക. ഉരുളക്കിഴങ്ങ് മസാലയുമായി നന്നായി മിക്സ് ആകണം. ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം തീ കെടുത്തി ചൂടാറാൻ മാറ്റുക.
മറ്റൊരു ബൗളിൽ ഒരു കപ്പ് ഗോതമ്പു പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടകളില്ലാതെ ദോശ മാവിന്റെ കട്ടിയിൽ കലക്കിയെടുക്കുക. മറ്റൊരു ബൗളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് അര ടി സ്പൂൺ ചില്ലി ഫ്ലേക്‌സും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. മറ്റൊരു പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ പാനിന്റെ എല്ലാഭാഗത്തും തേച്ചു പിടിപ്പിച്ചതിനു ശേഷം തീ ചുരുക്കി വെച്ച് ഒരു തവി മാവ് ഒഴിച്ച് കട്ടി കുറവിൽ പരത്തുക.
ഒഴിച്ചിരിക്കുന്ന മാവിന്റെ മുകൾ വശം ചെറുതായി നിറം മാറുമ്പോൾ, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടയുടെ മിക്സിയിൽ നിന്നും അല്പം തേച്ച് പിടിപ്പിക്കുക. ദോശ പാനലിൽ നിന്നും വിട്ടു വരുമ്പോൾ തന്നെ തിരിച്ചിട്ട് മറുവശവും വേവിക്കുക. ശേഷം ഇതിന്റെ നടു വശത്തായി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഉരുളക്കിഴങ്ങിലെ മിക്സിയിൽ നിന്നും ഒരല്പം വെച്ച് ദോശയുടെ നാലുവശവും മടക്കുക. ശേഷം മുട്ടയുടെ രണ്ടുവശവും നന്നായി മൊരിയിപിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. വളരെയെളുപ്പം കോഴി മുട്ടയും ഉരുളക്കിഴങ്ങും ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന വിഭവം രുചിച്ചു നോക്കാവുന്നതാണ്.
Credits : Amma Secret Recipes