മുട്ടച്ചോറ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ.

നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ കറികൾ ഇഷ്ടപ്പെടാതെ വരാറുണ്ട്. ഒരേ കറികൾ വീണ്ടും വീണ്ടും കൂട്ടി നമ്മുക്ക് മടുത്തു പോവാറുണ്ട്. എങ്കിൽ ഇതാ പ്രത്യേകിച്ച് കറികൾ ഉണ്ടാക്കാതെ തന്നെ കഴിക്കാൻ സാധിക്കുന്ന നല്ല അടിപൊളി ചോറ് ഉണ്ടാക്കാം. മുട്ട വെച്ചുള്ള ഈ ‘എഗ്ഗ് റൈസ് ‘ എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ഇതിനായി അടുപ്പിൽ ഒരു ചട്ടി വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഒരു പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കുക. രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു വലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം ഇതിലേക്ക് പൊടികൾ ചേർക്കാവുന്നതാണ്.

അതിനായി ഇതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളകും പെരുംജീരകവും ചേർത്ത് പൊട്ടിച്ചെടുത്തത് എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. മുട്ട ഒന്ന് ഡ്രൈ ആയി വെന്തു വരണം. ഇതൊന്നു ഡ്രൈ ആയി മസാലയൊക്കെ പിടിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിനു ചോർ ചേർക്കുക.

വെള്ള ചോറാണ് ഇവിടെ ചേർക്കുന്നത്. ഇഷ്ടമനുസരിച്ച് ബസുമതി റൈസോ സാധാ അരിയോ എന്തുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിനു മുകളിലായി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കുറച്ച് സോയാസോസും അതിനുശേഷം അല്പം ഉപ്പും ചേർത്ത ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. മല്ലിയില ഉണ്ടെങ്കിൽ ചേർക്കുന്നതും വളരെ നല്ലതാണ്. നന്നായി മിക്സ് ചെയ്ത ശേഷം പാത്രത്തിലേക്ക് മാറ്റുക.

രണ്ടു പേർക്കുള്ള അളവിലാണ് റെസിപ്പി പറഞ്ഞിരിക്കുന്നത്. അതിൽ കൂടുതലായി അളവ് വേണമെങ്കിൽ ചേരുവകളെല്ലാം അളവ് കൂട്ടി എടുക്കുക. സ്വാദിഷ്ടമായ എഗ്ഗ് റൈസ് തയ്യാറായിരിക്കുന്നു.