ഒരു തവണ ഇങ്ങനെ ബീഫ് ഫ്രൈ ചെയ്തു നോക്കൂ. പിന്നെ ഇങ്ങനെ മാത്രമേ ബീഫ് ഫ്രൈ ഉണ്ടാക്കൂ.

ബീഫ് ഫ്രൈ നോൺവെജ് കഴിക്കുന്നവരുടെ ഇഷ്ടവിഭവമാണ്. പൊറോട്ടയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ചോറിന് കൂടെയും എല്ലാം നല്ല കോമ്പിനേഷനാണ് ബീഫ് കറിയും ഫ്രൈയും. ഈ ബീഫ് ഫ്രൈ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ വളരെ ടേസ്റ്റോടെ ഉണ്ടാക്കി എടുത്താലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി 600 ഗ്രാം ബീഫ് നന്നായി കഴുകി എടുത്ത് വെള്ളമെല്ലാം ഊറ്റിക്കളഞ്ഞു വെക്കുക. ഇനി ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കശ്മീരി മുളകുപൊടി ചേർക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് 2 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ 2 ടീ സ്പൂൺ തേങ്ങാക്കൊത്ത് ഇടുക.

ഇനി ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത ശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ചേർത്ത ചേരുവകൾ എല്ലാം നന്നായി പിടിക്കാൻ വേണ്ടി ഒരു മണിക്കൂർ നേരം അടച്ചുവയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഇതെടുത്തു കുക്കറിലേക്ക് മാറ്റി ഇതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം ഒഴിക്കുക.

അതിനുശേഷം കുക്കറിൽ അഞ്ചോ ആറോ വിസിലിന് ശേഷം ബീഫ് നന്നായി വെന്തു വരുന്നതായിരിക്കും. ഇനി അടുപ്പിൽ ഒരു പാൻ വെച്ച് അഞ്ചു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചശേഷം അതിലേക്ക് ഒരു സവാള നീളത്തിലരിഞ്ഞത് വറുത്തെടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾസ്പൂൺ തേങ്ങാക്കൊത്തും വറുത്തെടുക്കുക. ഇനി ഇതിലേക്ക് കടുക് പൊട്ടിച്ച ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക.

ശേഷം 5 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. ഇനി 200 ഗ്രാം ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർക്കുക. അതുപോലെതന്നെ ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് എടുക്കുക. രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും കൂടിയിട്ട ശേഷം ഇവയെല്ലാം നന്നായി വഴന്നു വരുന്നതുവരെ ഇളക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് അതിന്റെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി ചേർത്ത് കൊടുക്കുക.

തക്കാളി നന്നായി വെന്ത് ഉടഞ്ഞാൽ അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ കശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്തതിനുശേഷം പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബീഫ് വെള്ളത്തോടു കൂടി ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിന്റെ വെള്ളം വറ്റി നിറം മാറുന്നതുവരെ നന്നായി ഇളക്കണം. ഇതിലേക്ക് നേരത്തെ വറുത്തു വച്ച സവാളയും തേങ്ങാക്കൊത്തും ഇട്ട് വീണ്ടും ഇളക്കുക. സ്വാദിഷ്ടമായ ബീഫ് ഫ്രൈ തയ്യാറായിരിക്കുന്നു.

x