പൂരി എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സാധാരണയായി ആട്ട പൊടി കൊണ്ടും ഗോതമ്പുപൊടി കൊണ്ടും ആണ് പൂരി ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായി റവ ഉപയോഗിച്ച് എങ്ങനെയാണ് വളരെ ടേസ്റ്റിയായ പൂരി ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഇതിനായി ഒരു കപ്പ് റവ എടുക്കുക. വറുത്ത റവയോ വറുക്കാത്ത റവയോ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. അതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കണം. വളരെ നൈസ് ആയി പൊടിയാക്കി എടുക്കാൻ സാധിക്കില്ല. ചെറിയ തരികളായി ഇതിൽ ഉണ്ടെങ്കിലും കുഴപ്പമില്ല.
ഇതൊരു ബൗളിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല സ്മൂത്ത് ആയി കുഴച്ചെടുക്കുക. ഇനിയിത് മാറ്റിവെക്കുക. ഈ സമയം നമുക്ക് പൂരിയോടൊപ്പം കഴിക്കാവുന്ന കറി തയ്യാറാക്കാം.
അതിനായി അടുപ്പിൽ പാൻ വച്ച് അല്പ ഓയിൽ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക. ശേഷം അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ശേഷം രണ്ടു വറ്റൽമുളക് പൊട്ടിച്ചിടുക. ഇതിലേക്കു രണ്ട് പച്ചമുളകും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇതൊന്നു മൂത്ത് വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടി ചേർക്കുക. അതോടൊപ്പം തന്നെ കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കുക.
പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് വേവിച്ചുവെച്ച രണ്ടു വലിയ ഉരുളക്കിഴങ്ങ് ഉടച്ചു ചേർക്കുക. അതിനു ശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതൊന്നു തിളച്ചുവരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ ഗരം മസാല പൊടി ചേർത്ത് ഇളക്കുക. വീണ്ടും തിളയ്ക്കാൻ അനുവദിക്കുക. വളരെ ടേസ്റ്റിയായ ഉരുളക്കിഴങ്ങ് മസാല തയ്യാർ. ഇനി നേരത്തെ തയ്യാറാക്കിവെച്ച മാവ് എടുക്കുക.
ഈ സമയം കൊണ്ട് മാവ് ചെറിയ കട്ടി ആയിട്ടുണ്ടാകും. ഇത് കുഴച്ച് ഉരുളകളാക്കി എടുത്തു നന്നായി പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക. വളരെ ടേസ്റ്റിയായ പൂരിയും കറിയും തയ്യാർ.