തക്കാളി കൊണ്ട് ഒരു വറൈറ്റി വിഭവം ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു അടിപൊളി ഡിഷ്‌ .

തക്കാളി കൊണ്ട് പല വിഭവങ്ങളും നമ്മുടെ വീടുകളിൽ നമ്മൾ ഉണ്ടാക്കാറുണ്ട്. തക്കാളി കൊണ്ട് പ്രധാനമായും തക്കാളി കറി അല്ലെങ്കിൽ ചമ്മന്തി ഒക്കെയാണ് സാധാരണയായി ഉണ്ടാക്കാറ്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിൽ തക്കാളി കൊണ്ട് ഒരു വിഭവം ഉണ്ടാക്കാം.

ചുട്ടെടുത്ത തക്കാളി കൊണ്ട് ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിനുശേഷം ഒരു നാല് മീഡിയം വലിപ്പമുള്ള തക്കാളി എടുത്തു പകുതിയാക്കി മുറിച്ച് അതിനുശേഷം പാനിൽ എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കമിഴ്ത്തി വയ്ക്കുക.

ഉയർന്ന തീയിൽ വച്ച് തന്നെ വേണം ഇത് ചുട്ടെടുക്കാൻ. അതിനുശേഷം ഇതിലേക്ക് 10 ചെറിയ വെളുത്തുള്ളി ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വെച്ചതിനുശേഷം അടപ്പ് മാറ്റി തക്കാളിയും വെളുത്തുള്ളിയും തിരിച്ചിടണം. അതിനുശേഷം ഇവ നന്നായി വെന്ത് കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇത് തണുത്ത കഴിഞ്ഞതിനുശേഷം തക്കാളിയുടെ തൊലി നീക്കി കളയാവുന്നതാണ്.

ഈ സമയം അടുപ്പിൽ ഇതേ എണ്ണയിൽ അര മുറി സവാള നീളത്തിൽ അരിഞ്ഞത് നന്നായി വഴറ്റിയെടുക്കുക. ഗോൾഡ് നിറമാവേണ്ട ആവശ്യമില്ല. സവാളയുടെ കട്ടി ഒന്ന് മാറി ഒന്ന് വഴന്നു വരുന്ന പരുവം മതിയാകും. വഴന്ന സവാളയും പാനിൽ നിന്ന് മാറ്റിയ ശേഷം പാനിലേക്ക് മൂന്ന് വറ്റൽമുളക് ഇടുക.

ഈ വറ്റൽ മുളകും നന്നായി ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഈ മുളക് നന്നായി കൈകൊണ്ട് പൊടിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വറുത്തുവെച്ച തക്കാളിയുടെ തൊലി കളഞ്ഞത് ചേർക്കുക. ഇനി ഇത് നന്നായി കൈ കൊണ്ട് തിരുമ്മി ഉടച്ചു പേസ്റ്റ് രൂപത്തിലാക്കുക.

അതിനുശേഷം ഇതിലേക്ക് നേരത്തെ വഴറ്റിവെച്ച സവാളയും ചേർക്കുക. കൂടാതെ ആവശ്യത്തിന് ഉപ്പ് ഇതിലേക്ക് ചേർക്കുക. ഇനി ഇവ നന്നായി മിക്സ് ചെയ്യുക. വളരേ ടേസ്റ്റി ആയ ചുട്ടരച്ച തക്കാളി ചമ്മന്തി ഇപ്പോൾ തയ്യാറായിരിക്കുന്നു. ദോശക്കും ചോറിനും എല്ലാം കൂട്ടാൻ സാധിക്കുന്ന സ്വാദിഷ്ടമായ ചമ്മന്തിയാണിത്.