മുട്ട പുഴുങ്ങാതെ തന്നെ ഒരു വെറൈറ്റി മുട്ട റോസ്‌റ്റ് ഉണ്ടാക്കിയാലോ. ഇങ്ങനെ ചെയ്തു നോക്കൂ. എല്ലാവർക്കും ഇഷ്ടപെടും.

മുട്ട റോസ്റ്റ് എല്ലാവരുടെയും വീടുകളിൽ ഉണ്ടാക്കാറുണ്ട്. മിക്കവാറും മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് പുഴുങ്ങിയ മുട്ട ഉപയോഗിച്ചാണ്. എന്നാൽ ഇന്നിവിടെ വളരെ വ്യത്യസ്തമായ തരത്തിലാണ് മുട്ട റോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം ഇതിലേക്ക് കാൽടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ബീറ്റർ ഉണ്ടെങ്കിൽ ബീറ്റ് ചെയ്താൽ മതി. അതിനുശേഷം അടുപ്പിൽ കുഴിയുള്ള പാൻ വെച്ച് അതിലേക്ക് അല്പം ഓയിൽ പുരട്ടി ചൂടാക്കിയതിനുശേഷം അടിച്ചെടുത്ത് വെച്ച മുട്ട അതിലേക്ക് ഒഴിച്ച് കൊടുക്കുക.

ഇനി ഇത് ഏഴോ എട്ടോ മിനിറ്റ് നേരം മൂടി വെക്കണം. മീഡിയം തീയിലാണ് വെക്കേണ്ടത്. ഇനി ഇത് ഇഷ്ടമുള്ള രീതിയിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി മസാല ഗ്രേവി തയ്യാറാക്കാം. ഇതിനായി ആദ്യമായി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത ശേഷം നന്നായി ഇളക്കുക.

ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ കഷണങ്ങൾ ഇട്ടു കൊടുത്തു ഒന്ന് റോസ്ററ് ചെയ്തെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതിനു ശേഷം വീണ്ടും പാനിലേക്ക് ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത ശേഷം മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില, രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത്, 2 പച്ചമുളക് കീറിയത് എന്നിവ ചേർത്ത ശേഷം സവാള നന്നായി വഴറ്റിയെടുക്കുക. ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി മിക്സ് ചെയ്യുക.

അതിനുശേഷം ഗ്രേവി ആവശ്യമെങ്കിൽ അര കപ്പ് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. കുറച്ചുനേരം കൂടി ഇളക്കി വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. വളരെ ടേസ്റ്റിയായ വെറൈറ്റി മുട്ട റോസ്‌റ്റ് തയ്യാർ.

x