നമുക്കെല്ലാവർക്കും ചോറുണ്ണുമ്പോൾ എന്തെങ്കിലും ഒഴിച്ചുകറി കൂടി ഉണ്ടെങ്കിൽ വളരെ സന്തോഷത്തോടെ തന്നെ ചോറ് മുഴുവൻ ഉണ്ണാൻ തോന്നും. സ്ഥിരമായി വെക്കുന്ന ഒഴിച്ച് കറികളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പുതിയ രീതിയിലുള്ള ഒരു ഒഴിച്ചു കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഈ ഒഴിച്ച് കറിയിൽ എടുത്തുപറയാൻ ഉള്ള ചേരുവ ആണ് ഉണക്ക നത്തോലി. ഇനി കറി എങ്ങനെയാണ് വയ്ക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു മൺചട്ടിയിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. അതിനു ശേഷം ഒരു കപ്പ് ചുവന്നുള്ളി അല്ലെങ്കിൽ സവാള ഇവയിലേതെങ്കിലുമൊന്ന് നന്നായി അരിഞ്ഞത് ചട്ടിയിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം 2 പച്ചമുളക് നീളത്തിലരിഞ്ഞത് ഇതിലേക്ക് ചേർക്കുക.
അതുപോലെതന്നെ 4 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ഇതിലേക്ക് ചേർത്ത് ഉള്ളി നന്നായി വഴറ്റി എടുക്കണം. ഉള്ളി ഒരു ഗോൾഡൻ നിറമാകുമ്പോൾ ഈ സമയം തക്കാളി അരിഞ്ഞത് ഒരു കപ്പ് ഇതിലേക്ക് ചേർക്കുക. തക്കാളി നന്നായി വെന്ത് ഉടയുന്നതു വരെ നന്നായി ഇളക്കുക. തക്കാളി നന്നായി വെന്ത് ഉടഞ്ഞതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇത് നന്നായി ഇളക്കുക. ചേർത്ത് പൊടികളുടെ എല്ലാം പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കേണ്ടത് ആവശ്യമാണ്. അതിനുശേഷം എത്രത്തോളം ഗ്രേവി ആണോ ആവശ്യമുള്ളത് അതിനനുസരിച്ച് ഇതിലേക്ക് വെള്ളം ചേർക്കുക.
അതിനുശേഷം 5 മിനിറ്റ് ചട്ടി മൂടി വെച്ച് കറി തിളപ്പിച്ചെടുക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കി തലയും വാലും കളഞ്ഞ നത്തോലി ഇതിലേക്ക് ചേർക്കുക. വീണ്ടും 10 മിനിറ്റ് നേരം മൂടി വെച്ച് നന്നായി ഒന്നു തിളപ്പിക്കുക. അതിനുശേഷം ഉപ്പ് ആവശ്യമെങ്കിൽ ഇതിലേക്ക് ചേർക്കുക. ഉണക്ക നെത്തോലിയിൽ സ്വാഭാവികമായി ഉപ്പ് ഉള്ളതിനാലാണ് വേറെ ഉപ്പ് മസാല ഉണ്ടാക്കുന്ന സമയത്ത് ചേർക്കാഞ്ഞത്.
ഇനി ഫ്ലെയിം ഓഫ് ചെയ്തു വിളമ്പാവുന്നതാണ്. സ്വാദിഷ്ടമായ ഒഴിച്ചുകറി ഇപ്പോൾ തയ്യാറായിരിക്കുന്നു. സ്ഥിരം കറികളിൽനിന്നും വ്യത്യസ്ത ഉള്ള ഈ കറി കൂട്ടി സ്വാദോടെ കുറെ ചോറുണ്ണാൻ സാധിക്കും എന്നുള്ളത് ഉറപ്പാണ്.