ബസുമതി അരി കൊണ്ട് ഒരു വെറൈറ്റി ചോറുണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി ചോറ്.

വീടുകളിൽ ചോറ് വെക്കുന്നത് സാധാരണമാണ്. എന്നാൽ ഇന്ന് വെറൈറ്റി ആയി ചോറുണ്ടാക്കി നോക്കാം. വളരെ സ്വാദിഷ്ടമായ ജീരക റൈസ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി പ്രധാനമായും ആവശ്യമുള്ളത് ബസുമതി അരി ആണ്.

നീളത്തിലുള്ള അരി തന്നെ നോക്കി എടുക്കണം. ഇത് ഒന്നര കപ്പ് അരി ഒരു പാത്രത്തിൽ എടുത്തതിനുശേഷം നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിൽ ഇട്ട് അതിലേക്ക് കുറച്ച് അധികം വെള്ളം ഒഴിച്ചു ഒന്ന് കുതിരാൻ വെക്കുക. ഏകദേശം 30 മിനിറ്റ് നേരം വെള്ളത്തിൽ കുതിരാൻ അനുവദിക്കണം. അതിനുശേഷം അരി വേവിക്കുന്നതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം നിറയ്ക്കുക.

ഇതിലേക്ക് നാല് ഏലക്ക, നാല് ഗ്രാമ്പു, 3 കഷ്ണം കറുവപ്പട്ടയും ഒരു കറുവപ്പട്ടയുടെ ഇലയും ഇടുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ നെയ്യും ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം ഇവയെല്ലാം നന്നായി ഇളക്കുക. ഇനി വെള്ളം നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് 30 മിനിറ്റ് കുതിരാൻ വെച്ചിരുന്ന അരി വെള്ളം എല്ലാം ഊറ്റി കളഞ്ഞതിനു ശേഷം ഇതിലേക്ക് ഇട്ടുകൊടുക്കുക.

ഇനി അരി നന്നായി വെന്തു വരുന്നതുവരെ ഇടക്കിടക്ക് ഇളക്കിക്കൊടുക്കുക. അധികം വെന്ത് പോകാത്ത രീതിയിൽ വേണം അരി വേവിക്കാൻ. ഇനി ഇത് കോരി മാറ്റുക. ഇനി പാനിൽ കുറച്ചു നെയ് ഒഴിച്ച് ചൂടാക്കിയശേഷം അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ് ഇട്ട് വറുത്തെടുക്കുക. അതോടൊപ്പം കുറച്ച് ഉണക്കമുന്തിരിയും ചേർത്ത് വറുത്തുകോരുക.

അതിനുശേഷം ഇതിലെ നെയിലേക്ക് ഒന്നര ടീസ്പൂൺ ജീരകം ചേർക്കുക. അതിനുശേഷം കുറച്ച് കുരുമുളകും 3 പച്ചമുളക് നീളത്തിൽ കീറിയതും ഇട്ടുകൊടുക്കുക. അതിനുശേഷം പച്ചമുളക് ഒന്ന് വാടി വരുന്നതുവരെ ഇളക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച റൈസ് ഇട്ടു കൊടുക്കുക.

ഇനി ഇത് നന്നായി ഇളക്കിയതിനുശേഷം കുറച്ച് മല്ലിയിലയും നേരത്തെ വറുത്ത് വെച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. അതിനുശേഷം കുറച്ച് നാരങ്ങ നീരും ഉപ്പ് ആവശ്യത്തിനും ഇട്ട് കൊടുക്കുക. ആവശ്യമെങ്കിൽ കുറച്ചു നെയ് കൂടെ ചേർത്ത് നന്നായി ഇളക്കിയ ശേഷം വിളമ്പാവുന്നതാണ്.

x