വളരെ എളുപ്പത്തിൽ ചിക്കനും നുറുക്കു ഗോതമ്പും ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കാം.

നുറുക്കുഗോതമ്പ് ഉപയോഗിച്ച് വളരെ സ്വാദിഷ്ടമായ ഒരു സ്നാക്ക് ഉണ്ടാക്കി എടുത്താലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യമായി അരക്കപ്പ് നുറുക്കുഗോതമ്പ് എടുക്കുക. ചെറിയ തരിയുള്ള നുറുക്കുഗോതമ്പ് ആണ് എടുക്കേണ്ടത്.

ഇത് ഒന്ന് കഴുകി വാരി എടുക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിക്കുക. നുറുക്കുഗോതമ്പ് കുതിരാൻ വേണ്ടി മാത്രമുള്ള വെള്ളം മതിയാകും. അതിനുശേഷം ഇതൊന്ന് അര മണിക്കൂർ കുതിരാൻ വച്ച ശേഷം നമുക്ക് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്. നുറുക്കുഗോതമ്പ് അരയ്ക്കുമ്പോൾ ആദ്യം മിക്സിയുടെ ജാറിൽ പകുതി അളവിൽ നുറുക്കുഗോതമ്പ് ഇട്ടതിനുശേഷം അതിലേക്ക് ഒരു വെളുത്തുള്ളിയുടെ അല്ലിയും അതുപോലെതന്നെ ഒരു ചുവന്നുള്ളിയും ഒരു ടീസ്പൂൺ ജീരകവും കുറച്ച് ഉപ്പും ചേർത്ത് അരച്ചെടുക്കുക.

ഇതിനു ശേഷം ബാക്കിയുള്ള നുറുക്ക് ഗോതമ്പ് കൂടി ഇതിലേക്ക് ഇട്ടതിനുശേഷം അരച്ചെടുക്കണം. ഇനി ഇത് മാറ്റി വെക്കുക. ഇനി ഫില്ലിംഗ് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി 200 ഗ്രാം ചിക്കൻ എടുത്ത് നന്നായി വൃത്തിയായി കഴുകിയതിനുശേഷം കുക്കറിലേക്ക് ഇട്ട് കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും കൂട്ടി നന്നായി ഇളക്കിയ ശേഷം അൽപം വെള്ളം ഒഴിച്ച് കുക്കറിൽ ഒരു വിസിൽ അടിച്ചതിനു ശേഷം പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഇങ്ങനെ വേവിച്ചെടുത്ത ചിക്കൻ കൈ ഉപയോഗിച്ച് ഒന്ന് ചെറിയ കഷ്ണങ്ങളാക്കി അടർത്തി ഇടുക. ഇനി അരച്ചുവെച്ച നുറുക്കുഗോതമ്പ് എടുത്ത് അതിലേക്ക് മീഡിയം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങ് വേവിച്ചത് നന്നായി ഉടച്ച് ഇതിലേക്കു ചേർക്കുക. അതിനുശേഷം കിഴങ്ങും ഗോതമ്പുപൊടിയും നന്നായി മിക്സ് ചെയ്യുക. പുഴുങ്ങിയ കിഴങ്ങും കൂടി ചേർക്കുമ്പോൾ നന്നായി കുഴച്ച് എടുക്കാൻ സാധിക്കും. അതിനുശേഷം അടുപ്പിൽ ഒരു പാത്രം വെച്ച് കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കി അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകവും ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും അതുപോലെതന്നെ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർക്കുക.

അതോടൊപ്പം ഒരു മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ കാശ്മീരി മുളക് എന്നിവ ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത ശേഷം ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച ചിക്കനും ഇട്ടു കൊടുക്കുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാവുന്നതാണ്. 5-6 മിനിറ്റ് ഇത്തരത്തിൽ നന്നായി ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇപ്പോൾ ഫില്ലിങ് തയ്യാറായിരിക്കുന്നു. ഇനി നേരത്തെ കുഴച്ചുവെച്ച മാവിൽനിന്ന് കുറച്ച് എടുത്ത് കൈകൊണ്ട് ഒന്ന് പരത്തിയതിനു ശേഷം അതിലേക്ക് ഫില്ലിങ് വെച്ച് നന്നായി ഉരുട്ടി ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വെക്കുക.

ഇനി ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് കുറച്ചു കുരുമുളകു പൊടിയും ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇനി ചിക്കൻ ഫില്ലിംഗ് ചെയ്തു വെച്ചിരിക്കുന്ന ഉരുള എടുത്ത് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രെഡ് കൗൺസിൽ നന്നായെന്ന് മുക്കിയെടുത്തു ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. സ്വാദിഷ്ടമായ ആഹാരം തയ്യാർ.

x