നാളികേരം ഇല്ലാതെ തന്നെ നല്ല സോഫ്റ്റ്‌ ആയ പാലപ്പം ഉണ്ടാക്കിയാലോ? ഇങ്ങനെ ട്രൈ ചെയ്യൂ.

നമ്മുടെ എല്ലാം വീടുകളിലും ബ്രേക്ഫാസ്റ്റിനു തയ്യാറാക്കാറുള്ള ഒരു വിഭവമാണ് പാലപ്പം. പാലപ്പം എല്ലാവർക്കും ഇഷ്ടമാണ്. ഇന്ന് പാലപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ നോക്കിയാലോ. തേങ്ങ ചേർക്കാതെ എങ്ങനെയാണ് സോഫ്റ്റ് ആയ പാലപ്പം ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യമായി ഒരു ബൗളിലേക്ക് ഒരു കപ്പ് പച്ചരി ചേർക്കുക. ഇതു നന്നായി കഴുകിയശേഷം 5 മണിക്കൂർ കുതിരാനായി വെക്കണം. അതോടൊപ്പം തന്നെ മറ്റൊരു ബൗളിൽ ഒരു ടേബിൾ സ്പൂൺ ഉഴുന്നും ഒരു ടേബിൾ സ്പൂൺ സാഗ സീഡ്സും ഇട്ടതിനുശേഷം നന്നായി കഴുകി അഞ്ചു മണിക്കൂർ നേരം കുതിരാൻ വയ്ക്കുക.

ഇനി ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അടിച്ചു എടുക്കണം. ഇതിനായി കുതിരാൻ വച്ച അരിയും ഉഴുന്നും സാഗ സീഡ്സും മിക്സിയുടെ ജാറിലേക്ക് ഇട്ടശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചോറ് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ ഇൻസ്റ്റൻഡ് ഈസ്റ്റ് ചേർക്കുക. ആവശ്യത്തിന് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ഇടുക. ഇനി ഇതിലേക്ക് കാൽകപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക.

അതിനുശേഷം വീണ്ടും കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് അടിക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഒന്നുകൂടി അടിച്ചു എടുത്തതിനുശേഷം ഒരു ബൗളിലേക്ക് മാറ്റുക. വെള്ളം ഒരുമിച്ച് ചേർത്ത് അരച്ചെടുത്താൽ സാഗ സീഡ്സ് അരഞ്ഞു കിട്ടില്ല. അതിനാലാണ് ഇത്തരത്തിൽ വെള്ളം കുറച്ച് ചേർത്ത് അരച്ചെടുക്കുന്നത്. ഇനി അരച്ചെടുത്ത മാവ് പൊങ്ങി വരാനായി മാറ്റിവെക്കുക.

ആറുമണിക്കൂർ നേരമെങ്കിലും ഇത് അനക്കാതെ വയ്ക്കണം. ആറു മണിക്കൂറിനു ശേഷം നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇനിയിതു നന്നായി ഇളക്കുക. ഈ സമയത്ത് ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കേണ്ടതാണ്. അതിനുശേഷം 10 മിനിറ്റ് കൂടി പൊന്തി വരാൻ അയക്കണം. ഇനി അപ്പം ചുട്ടെടുക്കാവുന്നതാണ്. അതിനായി അടുപ്പിൽ ഒരു പാലപ്പച്ചട്ടി വെച്ച് ചൂടായതിനു ശേഷം തീ നന്നായി കുറച്ചു വെക്കുക.

ഇനി ഓരോ തവി മാവ് ഒഴിച്ച് നന്നായി ചുറ്റിച്ച് അടച്ചുവെച്ച് പാലപ്പം ഉണ്ടാക്കിയെടുക്കുക. തേങ്ങ ചേർക്കാത്ത നല്ല സോഫ്റ്റ് ആയ പാലപ്പം തയ്യാർ.

x