കപ്പ ദോശ തയ്യാറാക്കാം. വളരെ എളുപ്പം.

ഇതിനായി ഒരു കപ്പ തൊലി കളഞ്ഞ് ചെറുതായി കഷണങ്ങളാക്കി കഴുകി വയ്ക്കുക. ഒരു ഫ്രൈപാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഒരു സബോള ചെറുതായി അരിഞ്ഞത് ചേർക്കുക.

2 പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. സബോളയുടെ നിറം മാറുമ്പോൾ മുക്കാൽ ടിസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിന്റെ പച്ചമണം മാറുന്ന സമയത്ത് ഇതിലേക്ക് ഒരു ചെറിയ തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക.

തക്കാളി ചെറുതായി വാടി വരുമ്പോൾ ഇതിലേക്ക് അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. തീ കെടുത്തി ചൂടാറാൻ വെക്കുക. നേരത്തെ മുറിച്ചു വെച്ചിരിക്കുന്ന കപ്പ ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ മാവ് പോലെ അരച്ചെടുക്കണം.

ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് അരിപ്പൊടി ചേർക്കുക. ഇതോടൊപ്പം നേരത്തെ വഴറ്റി വെച്ചിരിക്കുന്ന മസാലയും, അര ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ഇതിൽ അൽപം വെള്ളവും , മല്ലിയിലയും ചേർത്ത് വീണ്ടും ഇളക്കാവുന്നതാണ്.

ഒരു പാൻ ചൂടാക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് അല്പം വെളിച്ചെണ്ണ പുരട്ടി, തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ നിന്നും ഒരല്പം എടുത്ത് ദോശ പരത്തുന്ന രീതിയിൽ പരത്തുക. സാധാരണ ദോശ ചുടുന്ന രീതിയിൽ ഇരുവശവും വേവിയ്ക്കുക. ഇതേപോലെ ബാക്കിയുള്ളവയും ചെയ്ത മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Ladies Planet by Ramshi

x