സ്ഥിരം കറികൾ കഴിച്ചു മടുത്തോ? എങ്കിൽ ദാൽ മഞ്ചൂരി ട്രൈ ചെയ്യൂ.

ഇന്ന് പരിപ്പ് കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഈ ‘ ദാൽ മഞ്ചൂരി ‘ ചപ്പാത്തിക്കും പൊറോട്ടക്കും എല്ലാം കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റിൽ ഉള്ള ഒരു കറിയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യമായി ഒരു കപ്പ് കടലപ്പരിപ്പ് എടുക്കുക. ഇനി ഇത് അൽപം വെള്ളമൊഴിച്ചു കുതിർത്ത് 5 മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. അതിനു ശേഷം ഇത് മിക്സിയുടെ ജെറിലേക്ക് ഇട്ട് ചെറുതായൊന്ന് അടിച്ചെടുക്കണം. അതിനു ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഇനി മിക്സിയുടെ ജാറിലേക്ക് പകുതി സവാള ചെറുതായരിഞ്ഞത്, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, മൂന്നു വെളുത്തുള്ളി, മൂന്നോ നാലോ കറിവേപ്പില എല്ലാം ചേർത്ത് ചെറുതായി അടിച്ചെടുക്കുക.

അതിനു ശേഷം ഇത് പരിപ്പിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് വറ്റൽമുളക് പൊടിച്ചത് ഒരു ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം എണ്ണ ചൂടാക്കി അതിലേക്ക് ഇതിൽ നിന്നും ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തുകോരുക.

പരിപ്പുവടയുടെ അത്രയും വലുപ്പം ആവശ്യമില്ല. ഇനി ഇത് മാറ്റി വെക്കുക. അതിനു ശേഷം അടുപ്പിൽ പാൻ വെച്ച്‌ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചെറിയ കഷണം ഇഞ്ചി നീളത്തിലരിഞ്ഞത്, ചെറിയ പച്ചമുളക് രണ്ടെണ്ണം നീളത്തിൽ അരിഞ്ഞെടുത്തത് എന്നിവ ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് ഒന്നു മൂത്തു വരുമ്പോൾ ഇതിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞത് ഇട്ട് കൊടുക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയശേഷം ഇതൊന്നു വാടി വരുമ്പോൾ അതിലേയ്ക്ക് അരക്കപ്പ് കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ടൊമാറ്റോ കച്ചപ്പ്, 2 ടേബിൾ സ്പൂൺ ചില്ലി സോസ്, ഒരു ടേബിൾ സ്പൂൺ സോയ സോസ്, അര ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവറും അര കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് മസാലയിലേക്ക് ഒഴിക്കുക. ഗ്രേവി ആവശ്യമെങ്കിൽ അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ചുവരുമ്പോൾ അതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച വടകൾ ഇട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ദാൽ മഞ്ചൂരി തയ്യാറായിരിക്കുന്നു.

x