വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഒരു പലഹാരത്തിന് ഒപ്പവും ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന കറി തയ്യാറാക്കാം.

ഒരു ബൗളിലേക്ക് ഒരുപാടു പുളിയില്ലാത്ത കട്ട തൈര് 500ml ചേർക്കുക. ഇതിലേക്ക് 50ഗ്രാം ക്യാരറ്റ് ഗ്രൈൻഡ് ചെയ്തത് ചേർക്കുക. രണ്ട് പച്ചമുളക് നടു പൊളിച്ച് നാലായി മുറിച്ച് ചേർക്കുക. ഇതോടൊപ്പം ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ട് തണ്ട് കറിവേപ്പിലയും, നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം ഒരു രണ്ട് മിനിറ്റ് മാറ്റിവെക്കുക. ഒരു പാൻ ചൂടാക്കാൻ വെച്ചതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ തിളച്ചുവരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇതോടൊപ്പം രണ്ട് വറ്റൽ മുളക് നടു കീറി ചേർക്കുക. വറ്റൽ മുളകിന്റെ മണം ചെറുതായി മാറി വരുമ്പോൾ, ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക.

ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി സബോള ചെറുതായി വഴറ്റി വരുമ്പോൾ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത്, തക്കാളി ചെറുതായി വഴറ്റി വരുന്നതുവരെ ഇളക്കുക.

ശേഷം കാൽ ടീസ്പൂൺ കായം പൊടിയും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. തിരികെ അതിനുശേഷം നേരത്തെ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന കട്ട തൈരിലേക്ക് ഇത് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. വളരെ എളുപ്പം തയ്യാറാക്കി എടുത്ത ഈ കൂട്ടാൻ കാലത്തെ പലഹാരത്തിന് ഒപ്പവും, ഉച്ചയ്ക്കത്തെ ചോറിനൊപ്പവും കഴിക്കാവുന്നതാണ്.

Credits : lillys natural tips

x