ചിക്കൻ കറി തേങ്ങാപ്പാൽ ചേർത്ത് ഇങ്ങനെ വെച്ചു നോക്കൂ. ഇത്ര വേഗത്തിൽ ഇത്ര രുചിയിൽ ചിക്കൻ കറി !!! എന്തായാലും ട്രൈ ചെയ്യൂ

തേങ്ങാപ്പാൽ ചേർത്ത കറികൾ എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ എല്ലാവർക്കും പ്രിയപ്പെട്ട ചിക്കൻ കറി തേങ്ങാപ്പാൽ ഒഴിച്ച് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിക്കുക. അതിനുശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇത് വഴന്നു വരുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. കൂടെ അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇനി ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിയശേഷം ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം.

അതിനായി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ ഗരം മസാല, ഒരു ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിയശേഷം ഇതിലേക്ക് കഴുകി വാരി വെച്ച ഒരു കിലോ ചിക്കൻ പീസുകൾ ഇട്ട് കൊടുക്കുക.

ഇനി മസാല ചിക്കനിലേക്ക് പിടിക്കാനായി നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിന് ശേഷം അരക്കപ്പ് രണ്ടാംപാൽ ചേർക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്നിളക്കി അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നന്നായി വെന്തശേഷം ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ കാൽ കപ്പ് ഒഴിച്ചു കൊടുക്കുക. ഒന്നാം പാലൊഴിച്ച ശേഷം തിളക്കേണ്ട ആവശ്യമില്ല.

ചെറുതായൊന്ന് ആവി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് അൽപം കറിവേപ്പില കൂടി ചേർത്ത് നന്നായി വഴടറ്റിയ ശേഷം ഇത് കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. വളരെ ടേസ്റ്റിയായ തേങ്ങാപാൽ ചേർത്ത ചിക്കൻ കറി തയ്യാറായിരിക്കുന്നു.

x