ബിരിയാണി എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാൽ ഇത്ര അടിപൊളിയായ നാളികേര ബിരിയാണി കഴിച്ചിട്ടുണ്ടാവില്ല.

നമുക്ക് എല്ലാവർക്കും ബിരിയാണി ഇഷ്ടമാണ്. ചിക്കൻ, ബീഫ്, മട്ടൻ, എഗ്ഗ്, വെജ് എന്നിങ്ങനെ പല തരത്തിലുള്ള ബിരിയാണികൾ ലഭ്യമാണ്. എന്നാൽ ഇന്ന് ചിക്കനോ ബിഫോ തുടങ്ങിയ നോൺവെജ് വിഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി തേങ്ങ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനു ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലി വറുത്തത് ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് 5 വെളുത്തുള്ളി അല്ലി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ഇട്ട് കൊടുക്കുക. ശേഷം അഞ്ചോ ആറോ വറ്റൽമുളക് 10 മിനിറ്റ് നേരം വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഇതിലേക്ക് ഇടുക. ഇനി ഇതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ഇട്ട് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി റൈസ് തയ്യാറാക്കാം.

അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് ബസുമതി റൈസ് എടുത്തു കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളം ഒഴിച്ച് 10 മിനിറ്റ് നേരം കുതിരാൻ വയ്ക്കുക. ഇനി അടുപ്പിൽ പാൻ ചൂടാക്കി ഇതിലേക്ക് 2 ടേബിൾ സ്പൂൺ നെയ് ചേർക്കുക. അതോടൊപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ ഓയിൽ കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് വറുത്തെടുക്കുക.

ഇത് കോരി മാറ്റിയ ശേഷം ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് രണ്ട് കഷണം കറുവപ്പട്ട, നാല് ഗ്രാമ്പൂ, നാല് ഏലക്കാ, രണ്ട് തക്കോലം, രണ്ട് ബെയ്ലീവ്‌സ് എന്നിവ അതേ പാത്രത്തിലേക്ക് ഇട്ട് നന്നായി ചൂടാക്കിയതിനുശേഷം നേരത്തെ അരച്ചെടുത്ത തേങ്ങാ ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബിരിയാണി മസാല ചേർക്കുക. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ബിരിയാണി മസാല ചേർക്കാവുന്നതാണ്. അതിനുശേഷം തേങ്ങയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനു ശേഷം ഇതിലേക്ക് നേരത്തെ കുതിരാൻ വച്ച അരി വെള്ളം ഊറ്റിക്കളഞ്ഞ് ചേർത്ത് കൊടുക്കുക. ഇനി ഇതു നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വെള്ളം ചേർക്കാവുന്നതാണ്.

ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നുള്ള രീതിയിൽ വെള്ളം ചേർക്കുക. അതിനുശേഷം ഇതിലേക്ക് മല്ലിയിലയും പുതിനയിലയും അരിഞ്ഞു ചേർക്കുക. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കിയതിനുശേഷം 12 മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക.

അരി വെന്ത് വന്നതിനു ശേഷം ഇതിലേക്ക് നേരത്തെ വറുത്തുവെച്ച സവാളയും മുന്തിരിയും അണ്ടിപ്പരിപ്പും ചേർത്ത് വിളമ്പുക. സ്വാദിഷ്ടമായ തേങ്ങാ ബിരിയാണി തയ്യാറായിരിക്കുന്നു.

x