ചൈനീസ് ചട്നി തയ്യാറാക്കാം. ഉണക്കമുളക് ഉണ്ടായാൽ മതി.

ഉണക്ക മുളക് വീട്ടിലുണ്ടോ? എങ്കിൽ ചൈനീസ് ചട്നി തയ്യാർ. 100 ഗ്രാം ഉണക്കമുളക് നടു മുറിച്ച് ഒരു ബൗളിലേക്ക് ഇടുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. മുളകിൽ നിന്നും മുളകിന്റെ അരി എല്ലാം പുറത്തെടുക്കുക. അരി ഇല്ലാത്ത മുളക് ഒരു കുക്കറിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.

നന്നായി വെന്ത മുളക് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനു വെളുത്തുള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ചെറിയ കഷണം ഇഞ്ചിയും ചേർക്കുക. ഇവയെല്ലാം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ട് മുഴുവൻ ചേർക്കുക. ശേഷം ഇവ നന്നായി വഴറ്റിയെടുക്കുക. മുളകിന്റെ പച്ച രുചി മാറി കിട്ടണം. ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. എരിവ് ബാലൻസ് ചെയ്യുന്നതിനുവേണ്ടി ഒരു നുള്ള് പഞ്ചസാരയും ചേർത്തിളക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ സോസും സോയാസോസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ കൂട്ടിന് കട്ടി കുറക്കുന്നതിനായി ആവശ്യത്തിന് വെള്ളവും ചേർക്കാവുന്നതാണ്. ഇവ നന്നായി തള്ളച്ച് വരുമ്പോൾ തീ കെടുത്താവുന്നതാണ്. ശേഷം കഴിക്കാം.

Credits : cochin bytes