ചിക്കൻ ഫ്രൈ ഇങ്ങനെ വെച്ചു നോക്കൂ. രുചികരമായ ചിക്കൻ ഫ്രൈ മസാല.

50 ഗ്രാം ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് 50 ഗ്രാം പച്ചമുളക്, 25 ഗ്രാം വെളുത്തുള്ളി ചേർത്ത് ചതച്ചെടുക്കുക. ഒരു പാലിലേക്ക് 250 മില്ലി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് സബോള വഴറ്റുക. മറ്റൊരു പാത്രത്തിൽ ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ എരിവ് ഉള്ള മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, ആവശ്യത്തിനു ഉപ്പ് ചേർത്ത് മസാലയിൽ ഇറച്ചി തേച്ചുപിടിപ്പിക്കുക.

നേരത്തെ സബോള വഴറ്റി ഇരുന്ന എണ്ണയിൽ നിന്നും സബോള കോരി മാറ്റിയതിനുശേഷം ഇതിലേക്ക് ഓരോ ചിക്കൻ കഷണങ്ങളും ഇറക്കിവെച്ച് ഫ്രൈ ചെയ്യുക. തീചുരുക്കി വെച്ച് വേണം ചിക്കൻ ഫ്രൈ ചെയ്യുവാൻ. ഇതിലേക്ക് അൽപം കറിവേപ്പിലയും ഇട്ട് ഇളക്കിയതിനുശേഷം കോരി മാറ്റാവുന്നതാണ്. ഇതിൽ നിന്നും കുറച്ചെണ്ണം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ബാക്കിയുള്ള എണ്ണയിലേക്ക് മൂന്നു സബോള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. സബോള വഴന്നു വരുമ്പോൾ ഇതിലേക്ക് നേരത്തെ ചതച്ച് വെച്ചിരുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കുക. ശേഷം ഒരു മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക.

ശേഷം ഇതിലേക്ക് കാൽ കപ്പ് തൈരും, രണ്ട് തക്കാളി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ മുഴുവനായി ചേർക്കുക. ശേഷം തയ്യാറാക്കിയ മസാലയുമായി നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരുന്ന സബോളയും, ആവശ്യത്തിനു മല്ലിയിലയും ചേർത്ത് ഇളക്കി രണ്ടു മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ശേഷം തീ കെടുത്തി വിളമ്പാവുന്നതാണ്.

Credits : Sruthis Kitchen