വേറിട്ട വ്യത്യസ്തമായ ചിക്കൻ കറി തയ്യാറാക്കിയാലോ. വളരെ രുചിയിൽ

പല നാട്ടിലും പല തരത്തിലുള്ള ചിക്കൻ കറികൾ ആണ് കണ്ടു വരുന്നത്. എന്നാൽ ഇവിടെ സാധാരണ ഒരു ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം എന്നുള്ള റെസിപ്പിയാണ് നൽകിയിരിക്കുന്നത്. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ഉരുളി ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ചൂടായിരിക്കുന്ന ഈ വെളിച്ചെണ്ണയിലേക്ക് ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത് ചേർക്കുക. തേങ്ങാക്കൊത്തിന്റെ കളർ മാറി വരുമ്പോൾ ഇത് കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഇതേ എണ്ണയിലേക്ക് മൂന്ന് സബോള സ്ലൈസ്സായി അരിഞ്ഞത് ചേർക്കുക. സബോള ചെറുതായി വഴറ്റി വരുമ്പോൾ ഇതിലേക്ക് 30 ചെറിയുള്ളി നടു കീറി ഇട്ട് കൊടുക്കുക. സബോളയുടെയും ഉള്ളിയുടെയും നിറം ഗോൾഡൻ ബ്രൗൺ ആകുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറി വേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അല്പസമയം ഇത് ഇളകുമ്പോൾ തന്നെ ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം പോകുന്നതാണ്.

ഈ സമയം ഇതിലേക്ക് ഇരുവുള്ള മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ, മൂന്ന് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ ചുരുക്കി വെച്ച് ഇട്ടിരിക്കുന്ന എല്ലാ പൊടികളും മൂപ്പിച്ചെടുക്കുക. മസാലകൾ എല്ലാം നന്നായി മൂത്ത് വന്നാൽ ഇതിലേക്ക് നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരുന്ന തേങ്ങാക്കൊത്ത് ചേർക്കുക. ഗ്രേവിക്ക് ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും ചേർക്കുക. ഒഴിച്ചിരിക്കുന്ന ഈ വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് 2 കിലോ ചിക്കൻ കഴുകി വൃത്തിയാക്കി ചേർക്കാവുന്നതാണ്.

ശേഷം ചിക്കനും മസാലയും നന്നായി മിക്സ് ചെയ്ത് എടുക്കുക. ചിക്കന്റെ എല്ലാഭാഗത്തും മസാല ആയെന്ന് ഉറപ്പു വന്നാൽ മറ്റൊരു പാത്രം ഉപയോഗിച്ച് മൂടി വെച്ച് വേവിക്കാവുന്നതാണ്. ചിക്കൻ നന്നായി വെന്ത് വന്നാൽ തീ ചുരുക്കിയിടുക. ഇതേ സമയം മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. തിളച്ചു വരുന്ന ഈ വെളിച്ചെണ്ണയിലേക്ക് ഒരു ടിസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരു പിടി കറി വേപ്പിലയും,ആറ് ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞതും ചേർക്കുക.

ചെറിയ ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാൽ ഇതിലേക്ക് നാല് വറ്റൽ മുളക് ചേർത്ത് വഴറ്റുക. ഇവയെല്ലാം നന്നായി മൂത്ത് കഴിഞ്ഞാൽ വെന്ത് കൊണ്ടിരിക്കുന്നു ചിക്കനിലേക്ക് ഇത് ചേർക്കാവുന്നതാണ്. ഇതോടൊപ്പം ഒരു ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് ചിക്കൻ നന്നായി മിക്സ് ചെയ്യുക. ശേഷം തീ കെടുത്താവുന്നതാണ്. തീ കെടുത്തിയതിനുശേഷം ഒരു നുള്ള് കായം പൊടിയും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ചിക്കൻകറി വളരെ സ്വാദോട് കൂടി കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x