ചോറിൻ്റെ കൂടെ നമ്മുടെ നാടൻ കറി കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. അതിനാൽ നമുക്ക് ലഞ്ചിനായാലും ഡിന്നറിനായാലും ഈയൊരു കറി ചോറിൻ്റെ കൂടെ തയ്യാറാക്കി എടുക്കാം. അപ്പോൾ ഈയൊരു നാടൻ കറി തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചെരങ്ങ – 1 എണ്ണം, പരിപ്പ് – 1/2 കപ്പ്, തക്കാളി, ഉള്ളി – ചെറിയ കഷണം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ജീരകം – 1/4 ടീസ്പൂൺ, പച്ചമുളക് – 1 എണ്ണം, ചെറിയ ഉള്ളി – 6എണ്ണം, തേങ്ങ – 1/2 കപ്പ്, വെളിച്ചെണ്ണ – 1 ടീസ്പൂൺ, കടുക് – 1 ടീസ്പൂൺ, കറിവേപ്പില. ഇനി നമുക്ക് തയ്യാറാക്കാം.
ഇതിനായി ആദ്യം പരിപ്പ് കഴുകി വൃത്തിയായി എടുക്കുക. ശേഷം കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത് കുക്കർ മൂടിവയ്ക്കുക. പിന്നെ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കി 4 വിസിൽ വരുത്തുക. ശേഷം ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ മുറിച്ചു വച്ച ചെരങ്ങയും, ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ഇട്ട് കൊടുക്കുക. പിന്നെ മഞ്ഞൾ പൊടി – 1/4 ടീസ്പൂണും, മുളക്പൊടി – 1/2 ടീസ്പൂണും, ഉപ്പും ചേർത്ത് മൂടിവച്ച് വേവിക്കുക.
അപ്പോഴേക്കും ചിരവിയെടുത്ത തേങ്ങ മിക്സിയുടെ ജാറിലിടുക. അതിൽ 3 ചെറിയ ഉള്ളിയും, ജീരകവും, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണും, 1/2 ടീസ്പൂൺ മുളക് പൊടിയും ചേർക്കുക. ശേഷം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇനി നമുക്ക് കുക്കർ ഓപ്പണാക്കി പരിപ്പ് പാകമായോ നോക്കുക. ശേഷം ചെരങ്ങയും പാകമായ ശേഷം അതിൽ പാകമായ പരിപ്പ് ചേർക്കുക. പിന്നെ അരച്ചു വച്ച തേങ്ങ ചേർത്ത് തിളപ്പിക്കുക. കുറച്ച് തിളച്ചു വരുമ്പോൾ പാകം നോക്കി ഇറക്കി വയ്ക്കുക.
ഇനി ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ കടുകിടുക. കടുക് പൊട്ടി തീർന്നാൽ ചെറിയ ഉള്ളി അരിഞ്ഞ് ചേർക്കുക. വഴന്നു വരുമ്പോൾ അതിൽ കായ്മുളക് ചേർത്ത് കൊടുക്കുക. ശേഷം കറിവേപ്പില കൂടി ചേർത്ത് താളിച്ചത് എടുത്ത് കറിയിൽ ഒഴിക്കുക. ഇതാ നമ്മുടെ നാടൻ ചെരങ്ങാ കറി. ഇങ്ങനെ ഒരു പ്രാവശ്യം തയ്യാറാക്കി നോക്കു.