ചെമ്മീനും പച്ചക്കായയും കൊണ്ട് വ്യത്യസ്തമായ ഒരു നാടൻ കറി. എന്നാൽ നമുക്ക് ഒന്നു ഉണ്ടാക്കിനോക്കാം.


ചെമ്മീൻ മിക്കവർക്കും ഇഷ്ടമുള്ളതാണ്. അതിനാൽ വീടുകളിൽ കറി വയ്ക്കാൻ നാം ചെമ്മീൻ വാങ്ങാറുണ്ട്. പല തരത്തിൽ ചെമ്മീൻ വയ്ക്കാറുണ്ട്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ ഒരു കറിയാണ് ഉണ്ടാക്കുന്നത്. അപ്പോൾ ഇത് തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കാം.

ചെമ്മീൻ – 1/2 കിലോ, പച്ചക്കായ – 3 എണ്ണം, ഉള്ളി – ഒന്ന് ചെറുത്, പച്ചമുളക് – 7എണ്ണം, ഇഞ്ചി – ഒരു കഷണം, കറിവേപ്പില, മല്ലിപ്പൊടി – 11/2 ടീസ്പൂൺ, മുളക് പൊടി – 3 ടീസ്പൂൺ, മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ, തേങ്ങാപാൽ(ഒന്നാം പാൽ- 1/4 കപ്പ്, രണ്ടാം പാൽ – 3 കപ്പ്, കുടം പുളി – ആവശ്യത്തിന്, ചെറിയ ഉള്ളി – 10 എണ്ണം, വെളിച്ചെണ്ണ, ഉപ്പ്, വെള്ളം. ഇനി നമുക്ക് തയ്യാറാക്കാം.

ആദ്യം ചെമ്മീൻ വൃത്തിയായി തോലും തലയും കളഞ്ഞ് കഴുകി എടുക്കുക. അതിൽ മഞ്ഞളും ഉപ്പും മിക്സാക്കി വയ്ക്കുക. പച്ചക്കായ മഞ്ഞൾ വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതുപോലെ കുടംപുളി കഴുകി ഒരു ബൗളിൽ കുറച്ച് വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം ഒരു കുക്കർ എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇനി അതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. കുറച്ച് വഴന്നു വരുമ്പോൾ അതിൽ മസാലകളായ മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക.

പിന്നെ വെള്ളത്തിൽ ഇട്ട് വച്ച കുടംപുളി ഇട്ട് കൊടുക്കുക. ഇനി നമുക്ക് പച്ചക്കായ അരിഞ്ഞത് ചേർത്ത് അതിൽ ഉപ്പു കൂടി ചേർത്ത് കായ പാകമാവാൻ മാത്രം വെള്ളം ഒഴിച്ച് കുക്കർ മൂടിവയ്ക്കുക. ഹൈ ഫ്ലെയ്മിൽ വച്ച് 2 വിസിൽ വരുത്തുക. പിന്നെ തണുത്ത ശേഷം തുറന്നു നോക്കി അതിൽ രണ്ടാം പാൽ ഒഴിക്കുക. മിക്സാക്കി ഹൈ ഫ്ലെയ്മിൽ വയ്ക്കുക. തിളച്ചു വരുമ്പോൾ കഴുകി വച്ച ചെമ്മീൻ ചേർത്ത് ഒരു 5 മിനുട്ട് വയ്ക്കുക. ചെമ്മീൻ പാകമായോ ഉപ്പ് ഉണ്ടോ നോക്കുക. ഉപ്പ് ആവശ്യമെങ്കിൽ ഇട്ട് കൊടുക്കുക. ശേഷം ഒന്നാം പാൽ ഒഴിക്കുക. ഒന്നാം പാൽ ചേർത്ത് ഒന്ന് തിളവന്നാൽ മതി അപ്പോൾ തന്നെ ഇറക്കി വയ്ക്കുക.

ഇനി ഒരു ചെറിയ കടായ് എടുത്ത് വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ചെറിയ ഉള്ളി മുറിച്ച് വഴറ്റുക. കറിവേപ്പില കൂടി ചേർക്കുക. പിന്നെ കാൽ ടീസ്പൂൺ മുളക് പൊടി ചേർത്ത് ഗ്യാസ് ഓഫാക്കുക. ശേഷം കറിയിൽ ഒഴിച്ച് കൊടുക്കുക. അങ്ങനെ നമ്മുടെ ഇന്നത്തെ സ്പെഷൽ കറി റെഡി.

x