ചമ്മന്തി പൊടി തയ്യാറാക്കാം. എത്ര നാൾ വേണമെങ്കിലും എടുത്തു വയ്ക്കാം

ഒരു പാനിൽ അരക്കപ്പ് പൊടിക്കാത്ത മല്ലി ചേർക്കുക. ശേഷം തീ ചുരുക്കി വെച്ച് നന്നായി മൂപ്പിക്കുക. മല്ലി നന്നായി മൂത്തുവരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പാനിലേക്ക് ഒരു കപ്പ് ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് 15 അല്ലി വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് തീ ചുരുക്കി മൊരിയിച്ചെടുക്കുക.

ഉള്ളി എല്ലാം വാടി നിറം മാറി വരുമ്പോൾ ഇതിലേക്ക് 250ഗ്രാം വറ്റൽമുളക് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക. വറ്റൽമുളക് മൂത്ത് വരുന്ന സമയത്ത് ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർക്കുക. ഇതോടൊപ്പം നേരത്തെ വറുത്തു മാറ്റി വച്ചിരുന്ന മല്ലിയും, ഒരു വലിയ നെല്ലിക്കയുടെ വലുപ്പത്തിൽ ഉള്ള പുളിയും ചേർക്കുക.

ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് കറിവേപ്പില വാടി വരുന്നതുവരെ ഇളക്കുക. ഇതിൽ ഇട്ടിരിക്കുന്ന കറിവേപ്പില പൊടിഞ്ഞു വരുന്നുണ്ടെങ്കിൽ തീ ചുരുക്കി ചൂടാറാൻ വെക്കുക. ചൂടാറിയതിനു ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.

ഇതിലേക്ക് ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി പൊടിച്ച് എടുക്കുക. വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചമ്മന്തി തയ്യാറായിരിക്കുകയാണ്. ഈ ചമ്മന്തി എത്രനാൾ വേണമെങ്കിലും ഒരു പാത്രത്തിൽ അടച്ചുവച്ച് സൂക്ഷിക്കാവുന്നതാണ്.

Credits : Lillys natural tips