ഉരുളക്കിഴങ്ങും ക്യാബേജും ഉപയോഗിച്ച് ഒരു പൊരിയൽ തയ്യാറാക്കി നോക്കൂ. വളരേ എളുപ്പത്തിൽ കറി തയ്യാർ.

ഉച്ചയ്ക്ക് ഒരു കൂട്ടുകറിയായി ” കാബേജ് പൊട്ടറ്റോ പൊരിയൽ ” അല്ലെങ്കിൽ മെഴുക്കുവരട്ടി ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച ശേഷം ഇത് ചൂടാകുമ്പോൾ അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് ഇനി ചേർക്കേണ്ടത് ക്യാബേജും ഉരുളക്കിഴങ്ങുമാണ്. ഇത് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നീളത്തിലോ ചെറുതായി അരിഞ്ഞോ ചേർക്കാവുന്നതാണ്. ഇവ രണ്ടും നല്ല വൃത്തിയായി കഴുകിയെടുത്ത് നീളത്തിൽ അരിഞ്ഞ് ചേർക്കുക.

അതിനുശേഷം ഇതിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇനി ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാവുന്നതാണ്. ഇനി കാബേജും ഉരുളക്കിഴങ്ങും ഒന്ന് വാടി വരാനായി പാൻ അടച്ചുവെച്ച് വേവിക്കുക.

വേവിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ചെറിയ തീയിൽ വേണം അടച്ചുവച്ച് വേവിക്കാൻ. ചേർത്തു കൊടുത്ത പച്ചക്കറികൾ പകുതി വേവാകുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.

പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. ഇനി ഇത് കുറച്ചുകൂടി വേവാൻ ആയി അടച്ചുവെക്കുക. അതിനു ശേഷം തുറന്നു ചോറിന് കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം വിളമ്പാവുന്നതാണ്.

x