ഈ ചോറിനു ഇത്ര രുചിയുണ്ടായിരുന്നോ? കിടിലൻ ബട്ടർ ചിക്കൻ ബിരിയാണി.

ഇന്ന് വളരെ സ്പെഷ്യലായി ബട്ടർ ചിക്കൻ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു ബൗളിൽ അര കിലോ ബോൺലെസ് ചിക്കൻ എടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് ഒരു ടീ സ്പൂൺ അളവിൽ പച്ചമുളക് അരച്ചത് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും രണ്ട് ടേബിൾസ്പൂൺ നല്ല കട്ട തൈരും രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇത് കുറച്ചു നേരം മൂടിവെക്കുക.

ഇത് 30 മിനിറ്റ് നേരം മൂടി വെച്ചതിനു ശേഷം അടുപ്പിൽ വച്ച് കുറച്ച് ഓയിൽ ഒഴിച്ചു ചൂടായതിനു ശേഷം ഈ ചിക്കൻ പീസുകൾ ചെറുതായൊന്നു ഫ്രൈ ചെയ്തെടുക്കുക. ഇനി ഇത് മാറ്റി വെച്ച ശേഷം ഒരു മീഡിയം വലിപ്പമുള്ള സവാള നീളത്തിലരിഞ്ഞത് വറുത്തെടുക്കണം. ശേഷം ഒരു ബൗളിൽ അരക്കിലോ ബസുമതി റൈസ് എടുത്തു നല്ല വൃത്തിയായി കഴുകി എടുത്തതിനുശേഷം അതിലേക്ക് വെള്ളമൊഴിച്ച് അര മണിക്കൂർ നേരം കുതിരാൻ ആയി വെക്കണം.

ഇനി അരി വേവിക്കാൻ ഉള്ള പാത്രം അടുപ്പിൽ വച്ച് അതിലേക്ക് നിറയെ വെള്ളം ഒഴിച്ച്, അതിലേക്ക് നാല് ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, ഒരു കഷ്ണം തക്കോലം, നാല് ഏലയ്ക്കാ എന്നിവ ഇടുക. ഒരു ബേലീവ്സും കുറച്ച് ഓയിലും കുറച്ച് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇത് വെട്ടി തിളച്ചുവരുമ്പോൾ ഇതിലേക്ക് കുതിരാൻ വെച്ച അരി ഇടാം. 8 മുതൽ 9 മിനിറ്റിനുശേഷം അരി 90% വെന്തു വരുന്നതാണ്. ഇനി ഇത് അരിച്ചു മാറ്റി വെക്കുക.

ഇനി പാനിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക് കുറച്ച് ഓയിൽ കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, തക്കോലം, 2 പച്ചമുളക് കീറിയത് ബേലീവ്‌സ് എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കിയതിനുശേഷം രണ്ട് വലിയ സവാള മിക്സിയിൽ ചെറുതായി അടിച്ചെടുത്തതിനുശേഷം ചേർത്ത് കൊടുക്കുക.

സവാള ഒന്ന് ഗോൾഡൻ നിറമാകുന്നതുവരെ ഇളക്കിയതിനുശേഷം ഇതിലേക്ക് വലിയ 3 തക്കാളി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് ഒഴിച്ചു കൊടുക്കുക. ഇത് വെന്തു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർക്കുക. ഇനി പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. ഇനി ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി മൂന്നു മിനിറ്റു നേരം മൂടിവെച്ച് വേവിക്കുക.

അതിനുശേഷം അര ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്തതിനുശേഷം നന്നായി ഇളക്കി ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തുവച്ച ചിക്കൻ പീസുകൾ ഇട്ടുകൊടുത്ത് ഇളക്കുക. ഇനി 8 മിനിറ്റ് നേരം മൂടി വെച്ച് വേവിക്കണം. അതിനുശേഷം ഇതിലേക്ക് അല്പം മല്ലിയിലയും പുതിനയിലയും ഫ്രഷ് ക്രീമും ചേർത്ത ശേഷം നേരത്തെ വറുത്തു വച്ച സവാള ഇതിനു മുകളിലായി ഇട്ടു കൊടുക്കുക. ശേഷം നേരത്തെ വേവിച്ചുവെച്ച റൈസ് ഇതിനുമുകളിൽ നിറക്കുക. അതിനുശേഷം അല്പം ബിരിയാണി മസാല, ഒരു ടീസ്പൂൺ ബട്ടർ എന്നിവ വച്ചതിനു ശേഷം കുറച്ചു നേരം കൂടി അടച്ച് വെച്ച് വേവിക്കുക. ടേസ്റ്റിയായ ബട്ടർ ചിക്കൻ ബിരിയാണി തയ്യാറായിരിക്കുന്നു.