വഴുതനങ്ങ വെച്ച് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. ചോറിനും ചപ്പാത്തിക്കും ഇഡ്ഡലിക്കും ഇതു മതി.

ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മുക്കാൽ ടിസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കാൽ ടിസ്പൂൺ ഉലുവ ഇട്ട് ഇളക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് ഇരുപത് ചെറു ഉള്ളി നടു മുറിച്ച് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ഇഞ്ചി ചതച്ചതും, ഒരു വെളുത്തുള്ളിയുടെ മുഴുവൻ അല്ലിയും ചേർത്ത് ഇളക്കുക.

വെളുത്തുള്ളി നിറം മാറി വരുന്നത് വരെ ഇളക്കുക. ഇതേ സമയം മൂന് വഴുതനങ്ങ നീളത്തിൽ അരിഞ്ഞ് കഴുകി ഇതിലേക്ക് ചേർക്കുക. ശേഷം മസാലയിൽ നന്നായി ഇളക്കി മിക്സ് ചെയ്യുക. വഴുതനങ്ങ വാടി വരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ച് ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക.

ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞപ്പൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ പെരിഞ്ചീരകം, ഒരു ടീസ്പൂൺ നല്ല ജീരകത്തിന്റെ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. നന്നായി മസാല പിടിച്ചതിനു ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വാളൻപുളിയുടെ വെള്ളവും ഒന്നര ഗ്ലാസ് പച്ചവെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കുക.

ശേഷം അടച്ചുവെച്ച് വെള്ളം കുറുകി വരുന്നതുവരെ വേവിക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ശർക്കര ചീകിയതും നാല് തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കുക. അൽപം സമയം കൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും മാറ്റി ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും, ഇഡ്ഡലിയുടെ കൂടെയും കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips

x