പൂരി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ. വളരെ വേഗത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ ബ്രേക്ഫാസ്റ്റ്.

നമ്മുടെ വീടുകളിൽ ബ്രേക്ഫാസ്റ്റിന് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനുവേണ്ടി വളരെയേറെ സമയം വേണ്ടിവരാറുണ്ട്. ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കണം എങ്കിൽ തലേദിവസം തന്നെ അതിന് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എങ്കിലും ഇന്ന് വളരെ എളുപ്പത്തിൽ കാലത്ത് തന്നെ തയ്യാറാക്കി എടുക്കാവുന്ന രീതിയിലുള്ള റെസിപ്പി ആണ് പരിചയപ്പെടുന്നത്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഒരു ബൗളിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. വറുത്ത അരിപ്പൊടി ആണ് എടുക്കേണ്ടത്. അതോടൊപ്പം ഇതിലേക്ക് അര കപ്പ് റവ ചേർക്കുക. റവയും വറുത്തത് ആണ് ചേർക്കേണ്ടത്. ഇനി ഇതിലേക്ക് ആവശ്യമായ ഉപ്പു ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് നല്ല തിളച്ച വെള്ളം ആണ്.

തിളച്ചവെള്ളം അടുപ്പിൽനിന്ന് നേരെ ആവശ്യാനുസരണം ഇതിലേക്ക് ഒഴിച്ച് കൊടുക്കണം. അതിനു ശേഷം നന്നായി മിക്സ് ചെയ്യുക. തവി ഉപയോഗിച്ച്‌ മിക്സ് ചെയ്യുന്നതാണ് നല്ലത്. ചപ്പാത്തിക്കു കുഴക്കുന്ന കൺസിസ്റ്റൻസിയിൽ വേണം കുഴച്ചെടുക്കാൻ. കയ്യിൽ അല്പം വെള്ളം ആക്കിയതിന് ശേഷം കൈ ഉപയോഗിച്ച് കുഴക്കുകയാണെങ്കിൽ ചൂട് കയ്യിൽ പറ്റാതിരിക്കാൻ ഇത് സഹായിക്കും.

ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത ശേഷം നന്നായി കുഴയ്ക്കുക. ഇത് നന്നായി സോഫ്റ്റ് ആയതിനുശേഷം ഇതിൽനിന്ന് ചപ്പാത്തിക്ക് എടുക്കുന്ന പോലെ ചെറിയ ഉരുളകളാക്കി എടുത്തു ചപ്പാത്തിപ്പലകയിലോ കൗണ്ടർ ടോപ്പിലോ ചെറിയ കനത്തിൽ പരത്തി എടുക്കുക. വിള്ളലുകൾ വീഴാത്ത രീതിയിൽ പരത്താൻ ശ്രദ്ധിക്കണം.

ഉരുളകൾ എല്ലാം പരത്തിയെടുത്ത ശേഷം അടുപ്പിൽ പാൻ വെച്ച് ഓയിൽ നന്നായി ചൂടായതിനു ശേഷം അതിലേക്ക് പരത്തി എടുത്ത ഓരോ ഉരുളയും ഇട്ട് നന്നായി വറുത്തു കോരുക. ഓയിലിൽ കിടന്ന് ഇവ നന്നായി പൊന്തി വരുന്നതായിരിക്കും. ഇനി ഇത് പാത്രത്തിലേക്ക് മാറ്റി വിളമ്പുക. വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരു പൂരിയാണ് ഇത്.