സ്ഥിരമായി കഴിച്ചു മടുത്ത വിഭവങ്ങൾക്ക് പകരം വളരേ എളുപ്പത്തിൽ ഇതാ ഒരു അടിപൊളി കേക്ക്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ…

ബ്രേക്ക്ഫാസ്റ്റിനു സ്ഥിരമായി കഴിക്കുന്ന വിഭവങ്ങൾ കഴിച്ചു മടുത്തു എങ്കിൽ മുട്ടയും നേന്ത്രപ്പഴവും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു അടിപൊളി പാൻകേക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണ് എന്ന് പരിചയപ്പെടാം. ഇതിനായി ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചൊഴിക്കുക.

ഇനി ഇതിൽനിന്നും മഞ്ഞക്കരു മറ്റൊരു ബൗളിലേക്ക് നീക്കുക. അതിനുശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് ബീറ്റ് ചെയ്തെടുക്കുക. ഈ സമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പഴുത്ത നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇട്ടു കൊടുത്ത് കാൽകപ്പ് പാൽ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ബൗളിലേക്ക് മാറ്റുക.

അതിനുശേഷം ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ വാനില എസൻസ് ചേർക്കുക. അതോടൊപ്പം അഞ്ച് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചത് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കാൽക്കപ്പ് പാൽ ഒഴിക്കുക. അതിനുശേഷം മുക്കാൽ കപ്പ് മൈദ മാവ് ചേർക്കുക.

ഇവ നന്നായി കട്ടകൾ ഇല്ലാതെ മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ബീറ്റ് ചെയ്തു വെച്ച മുട്ടയുടെ വെള്ള കുറച്ചായി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇപ്പോൾ മാവ് തയ്യാറായിരിക്കുന്നു.

അതിനു ശേഷം അടുപ്പിൽ പാൻ വെച്ച് അൽപം ബട്ടർ പുരട്ടി കൊടുക്കുക. ശേഷം ഇത് ഉരുകി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഓരോ തവിയായി ഒഴിച്ചുകൊടുക്കുക. ഇനി കുറച്ചു നേരം മൂടിവെച്ച് വേവിക്കുക. മുകൾ ഭാഗം വെന്തു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ചെറിയ തീയിൽ വേണം വേവിക്കാൻ. ഇങ്ങനെ മാവ് ഒഴിച്ച് കൊടുത്ത് എല്ലാം നന്നായി ചുട്ടെടുക്കുക.

ഇനി പാത്രത്തിലേയ്ക്ക് മാറ്റുക. തേനോ ചോക്ലേറ്റ് സിറപ്പോ ഉപയോഗിച്ച് കഴിക്കാൻ പറ്റിയ അടിപൊളി പാൻ കേക്ക് തയ്യാർ.

x