10 മിനിറ്റിനുള്ളിൽ ബ്രഡും കടലമാവും ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം തയ്യാറാക്കാം.

അരക്കപ്പ് കടലമാവ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽക്കപ്പ് മൈദ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് മിക്സ് ചെയ്യുക. ഒട്ടുംതന്നെ കട്ടകൾ ഇല്ലാതെ ആയിരിക്കണം മാവ് കലക്കി എടുക്കേണ്ടത്. ഉണ്ടാക്കിയെടുത്തിരിക്കുന്ന ഈ മാവിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞത് ചേർക്കുക.

ഇതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ഒരു കാരറ്റ് ചെറുതായി ഗ്രയിന്റ് ചെയ്തതും ചേർക്കുക. എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം അര ടീ സ്പൂൺ ചില്ലി ഫ്ലേക്‌സും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. നന്നായി മിക്സ് ആക്കിയതിന് ശേഷം ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് വീണ്ടും ഇളക്കുക.

ബേക്കിംഗ് സോഡ താല്പര്യമില്ലാത്തവർക്ക് ബേക്കിംഗ് സോഡ ചേർക്കേണ്ടതില്ല. ആവശ്യത്തിന് ബ്രഡ് എടുത്ത് നടുവിൽ നിന്നും ചതുരാകൃതിയിൽ മുറിച്ചുമാറ്റുക. ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായതിനു ശേഷം ഇതിലേക്ക് മുറിച്ചു വച്ചിരുന്ന ബ്രെഡിന്റെ അരികു വശം വെക്കുക. ബ്രഡിന്റെ ഓട്ടയുള്ള ഭാഗത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക.

ഇതിന്റെ മുകൾ വശത്തായി അല്പം ചീസും ചേർക്കുക. ഇതിന്റെ മുകൾ വശത്തായി നേരത്തെ ബ്രെഡിന്റെ നടുവശത്തുനിന്ന് മുറിച്ച് മാറ്റിയ കഷ്ണം വെച്ച് അമർത്തുക. ശേഷം അല്പം നെയ്യ് മുകളിൽ തേച്ച് ബ്രെഡ് മറച്ചിടുക. ബ്രഡിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്. ഇതേ പോലെ തന്നെ ബാക്കിയുള്ള ബ്രെഡും ചെയ്തെടുക്കുക.

Credits : Amma Secret recipes