മുന്തിരി കുക്കറിൽ ഇങ്ങനെ ചെയ്ത് നോക്കു. വളരെ എളുപ്പം തയ്യാറാക്കാം.

അര കിലോ മുന്തിരി ഉപ്പും മഞ്ഞളും ഇട്ട് നന്നായി കഴുകിയെടുക്കുക. മുന്തിരിയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ പോകുവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. കഴുകി വെള്ളം എല്ലാം കളഞ്ഞ് മുന്തിരി ഒരു പ്രഷർ കുക്കറിലേക്ക് ഇടുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം മധുരത്തിന് പഞ്ചസാര ചേർക്കുക.

നല്ല പുളിയുള്ള മുന്തിരി ആണെങ്കിൽ അതിനനുസരിച്ച് പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്തേണ്ടതാണ്. ഏകദേശം നാല് ടേബിൾ സ്പൂൺ പഞ്ചസാരയാണ് ഇതിനായി ആവശ്യം വരുന്നത്. ഇതിലേക്ക് മുന്തിരി മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. ശേഷം പ്രഷർ കുക്കർ മൂടിവെച്ച് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.

രണ്ടു വിസിലിന് ശേഷം തീ കെടുത്തി ആവി പോയതിനുശേഷം കുക്കർ തുറക്കുക. വേവിച്ചെടുത്ത മുന്തിരി തണുക്കാൻ വയ്ക്കുക. മുന്തിരിയിൽ നിന്നും എല്ലാ ചൂടു മാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇത് ഒരു മൂന്നു പ്രാവശ്യം നന്നായി അരച്ചെടുക്കുക.

അരച്ചെടുത്ത ഈ ജ്യൂസ് മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. സാധാരണ മുന്തിരി ജ്യൂസ് ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇങ്ങനെ വേവിച്ച മുന്തിരി, ജ്യൂസ് ആക്കുമ്പോൾ ലഭിക്കുന്ന സ്വാദ്. വളരെ എളുപ്പം വെറും 10 മിനിറ്റിനുള്ളിൽ തന്നെ ഇത് തയ്യാറാക്കാം എന്നതാണ് മറ്റൊരു സവിശേഷത.

Credits : Ladies planet by ramshi