കടലക്കറി എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി. തേങ്ങയില്ലാതെ വറുത്തരച്ച കടലക്കറി.

രാവിലെ പ്രഭാത ഭക്ഷണത്തിന് നമുക്ക് പുട്ടിൻ്റെയും വെള്ളയപ്പത്തിൻ്റെയൊക്കെ കൂടെ കൂട്ടാൻ കടലക്കറി ഉണ്ടാക്കാറുണ്ട്. എന്നാലും നാം കടലക്കറി തയ്യാറാക്കുന്നത് തേങ്ങ അരച്ചിട്ടാണല്ലോ. പക്ഷേ ഇന്ന് തേങ്ങ വേണ്ടേ വേണ്ട. വ്യത്യസ്തമായി തേങ്ങയില്ലാതെ നമുക്ക് കടലക്കറി തയ്യാറാക്കി എടുക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

കടല – 250 ഗ്രാം, ഉള്ളി – 2 എണ്ണം, തക്കാളി – 1എണ്ണം, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 2 എണ്ണം, ഉപ്പ് – ആവശ്യത്തിന്, മല്ലിപ്പൊടി – 11/2 ടേബിൾ സ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ, കറിവേപ്പില, കടുക് – 1/2 ടീസ്പൂൺ, പച്ചമുളക് – 3 എണ്ണം. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് പെട്ടെന്ന് കടലക്കറി തയ്യാറാക്കാം.

ആദ്യം കടല എടുത്ത് കഴുകി ഒരു ബൗളിലിട്ട് വയ്ക്കുക. 6 മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കുക. രാവിലെ തയ്യാറാക്കുമ്പോൾ രാത്രി കുതിർത്ത് വയ്ക്കുക. ശേഷം രാവിലെ നമുക്ക് കറി തയ്യാറാക്കാൻ ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം ഗ്യാസ് ഓണാക്കി അതിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ചൂടായി വരുമ്പോൾ അരിഞ്ഞെടുത്ത ഉള്ളി ചേർക്കുക. അതിൻ്റെ കൂടെ തന്നെ ഇഞ്ചി, വെളുത്തുള്ളി ചേർക്കുക. പിന്നീട് തക്കാളി കൂടി ചേർത്ത് വഴറ്റുക. നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. പച്ചമണം മാറി വരുമ്പോൾ ഇറക്കി വയ്ക്കുക.

ശേഷം തണിയാൻ വയ്ക്കുക. തണുത്തു കഴിഞ്ഞാൽ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. പിന്നീട് കടല കഴുകി കുക്കറിലിടുക. ശേഷം അരച്ചെടുത്ത മസാല കൂടി മിക്സ് ചെയ്ത് ചേർക്കുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കുക്കർ മൂടിവച്ച് ഗ്യാസിൽ വയ്ക്കുക. 10 വിസിലെങ്കിലും വന്ന ശേഷം ഓഫാക്കുക. ചൂട് തണുത്ത ശേഷം തുറന്നു നോക്കുക. ഉപ്പ് പാകത്തിനുണ്ടോ നോക്കുക. ഇല്ലെങ്കിൽ ഉപ്പ് ചേർക്കുക.

ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് കത്തിക്കുക. 1 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. പിന്നീട് കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ അതിൽ 3 പച്ചമുളകും, കറിവേപ്പിലയും ചേർക്കുക. ശേഷം 2കായ് മുളക് കൂടി ഇട്ട് കൊടുക്കുക.ഈ താളിച്ചതെടുത്ത് കുക്കറി ൽ ഒഴിക്കുക. കുറച്ച് മല്ലി ചപ്പ് കൂടി ചേർത്ത് മിക്സാക്കുക. അങ്ങനെ തേങ്ങയരക്കാതെ തേങ്ങ അരച്ച അതേ രുചിയിലുള്ള കടലക്കറി റെഡി. ഈ കടലക്കറി എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കൂ.

x