ഒരു ബീറ്റ്റൂട്ട് ജ്യൂസ്‌ ഉണ്ടാക്കിയാലോ? ദാഹവും മാറും, ആരോഗ്യത്തിനും നല്ലതാണ്.

ദാഹം മാറ്റാനായി ജ്യൂസ് വളരെ ഫലപ്രദമാണ്. ദാഹം മാറ്റുന്നതോടൊപ്പം നമ്മുടെ ശരീരത്തിനാവശ്യമായ ധാതുലവണങ്ങൾ അടങ്ങിയ പദാർത്ഥങ്ങൾ കൊണ്ടുള്ള ജ്യൂസുകൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃത്രിമമായ പൊടികൾ ഉപയോഗിച്ചു തയ്യാറാക്കുന്ന ജ്യൂസുകളേക്കാൾ ഫ്രഷ് ഫ്രൂട്ട്സ്, അതുപോലെ പച്ചക്കറികൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസുകൾ ആണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.

ഇത്തരത്തിൽ വളരെ ഹെൽത്തിയും അതുപോലെതന്നെ സ്വാദിഷ്ടവുമായ ഒരു ജ്യൂസ് ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഈ ജ്യൂസിന്റെ പ്രധാന ചേരുവ ബീറ്റ്റൂട്ട് ആണ്. അപ്പോൾ ടേസ്റ്റിയായ ഈ ബീറ്റ്റൂട്ട് ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ബീറ്റ്റൂട്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക.

അധികം വെന്ത് പോകരുത്. ഇത്തരത്തിൽ വേവിച്ചെടുത്ത ബീറ്റ്റൂട്ട് കഷണങ്ങൾ ഒരു മിക്സിയുടെ ജ്യൂസ് ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക. അധികം പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. മിൽക്ക്മെയ്ഡ് ചേർക്കുന്നതിനാൽ ആണ് പഞ്ചസാരയുടെ അളവ് കുറവ് എടുക്കുന്നത്.

അതിനുശേഷം ഇതിലേക്ക് നാലോ അഞ്ചോ ഈന്തപ്പഴം കുരു കളഞ്ഞ് ചേർത്ത് കൊടുക്കുക. ഇത് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. ഈന്തപ്പഴം ചേർത്തില്ലെങ്കിലും കുഴപ്പം ഉണ്ടാകില്ല. ശേഷം ഒരു കവർ പാല് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ മിൽക്ക്മെയ്ഡ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ ഐസ്ക്യൂബ് കൂടി ഇട്ടുകൊടുക്കുക.അതിനുശേഷം ഇത് നല്ല രീതിയിൽ ബ്ലെൻഡ് ചെയ്തെടുക്കുക. ശേഷം ഒരു ഗ്ലാസ് എടുത്തു ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ച് ഗ്ലാസിന്റെ ഉള്ളിൽ ഡെക്കറേറ്റ് ചെയ്ത ശേഷം അരച്ചെടുത്ത ജ്യൂസ് ഗ്ലാസിലേക്ക് പകർത്തുക.

ആവശ്യമെങ്കിൽ സ്റ്റോബറി ഐസ്ക്രീം ജ്യൂസിനു മുകളിലായി വെച്ച് അലങ്കരിക്കുക. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ബീറ്റ്റൂട്ട് ജ്യൂസ് തയ്യാറായിരിക്കുന്നു.

x