ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ചോറിന് കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാവുന്ന അടിപൊളി കറി തയ്യാറാക്കി എടുക്കാം..

ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒരുപോലെ തന്നെ ചേർത്ത് കഴിക്കാൻ പറ്റുന്ന എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി നോക്കാം. ആദ്യം തന്നെ ഒരു കുക്കറിലേക്ക് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ ഒരു സവാള അതിലേക്ക് ഇട്ടു കൊടുക്കുക. അര ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുത്താൽ നന്നായി ഇളക്കി കൊടുക്കാം. ഉള്ളി ഏകദേശം വഴണ്ട് വരുന്ന സമയത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക.

തക്കാളി ഇട്ട് കൊടുത്തതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നല്ല രീതിയിൽ തന്നെ ഇളക്കി കൊടുക്കുക.

നല്ല രീതിയിൽ വഴറ്റി എടുത്തതിനു ശേഷം ഇതിലേക്ക് 250 ഗ്രാം ബീറ്റ്‌റൂട്ടും ഇതിന് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. കുറഞ്ഞ തീയിൽ ഏകദേശം രണ്ട് മിനിറ്റ് നേരം ഇത് നന്നായി ഇളക്കി കൊടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് നാളികേരം ചെറിയ കഷണങ്ങളായി അരിഞ്ഞത് ഏകദേശം അഞ്ച് ടീസ്പൂൺ ചേർത്ത് കൊടുക്കുക.

ഇതിന്റെ കൂടെ തന്നെ അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ജീരകം കാൽ ടി സ്പൂൺ കുരുമുളകുപൊടി അരയ്ക്കാൻ  ആവശ്യമായ വെള്ളം എന്നിങ്ങനെ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുക്കറിലേക്ക് ഇപ്പോൾ അരച്ചെടുത്ത മിക്സ് ചേർത്ത് കൊടുക്കുക. ഇതിനു ശേഷം നല്ല രീതിയിൽ ഇളക്കി കൊടുത്തു ആവശ്യത്തിന് വെള്ളം ഒഴിച്ച് പാകത്തിന്  ഉപ്പു നോക്കിയതിനു ശേഷം തിളപ്പിക്കുക.

തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് മല്ലിയില ഇട്ട് കൊടുക്കാം. മീഡിയം അളവിൽ തീ വെച്ചതിനു ശേഷം രണ്ട് വിസിൽ വരുന്നതു വരെ കുക്കർ അടച്ചു വയ്ക്കുക. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒരുപോലെ കഴിക്കാൻ പറ്റുന്ന കറി ഈ രീതിയിൽ തയ്യാറാക്കി എടുക്കാം.

x