സ്പെഷ്യൽ ആവോലി പൊള്ളിച്ചത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. വായിൽ വെള്ളമൂറും.

ഫ്രൈ ചെയ്യുന്ന നോൺ വെജ് വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. പ്രത്യേകിച്ച് ഫ്രൈ ചെയ്ത മീൻ വിഭവങ്ങൾ. എങ്കിലും പൊളിച്ചെടുത്ത മീൻ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇന്ന് അങ്ങനെ ഒരു വിഭവം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ ടേസ്റ്റിയായ “സ്പെഷ്യൽ ആവോലി പൊള്ളിച്ചത് ” എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു ആവോലി വലുപ്പമുള്ളത് തെരഞ്ഞെടുക്കുക.

ഇനി ഇത് കഴുകി വൃത്തിയാക്കിയ ശേഷം തൊലികളഞ്ഞ് പുറത്ത് വരഞ്ഞു വയ്ക്കുക. മസാല നന്നായി മീനിൽ പിടിക്കാൻ വേണ്ടിയാണ് വരഞ്ഞുകൊടുക്കുന്നത്. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. അതോടൊപ്പം അര ടീസ്പൂൺ കുരുമുളക് പൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കുക.

അതിനു ശേഷം ഒരു ചെറിയ കഷണം ഇഞ്ചിയും നാല് വലിയ വെളുത്തുള്ളി അല്ലിയും ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി ചതച്ചെടുത്തത് അതിൽ നിന്നും നീര് പിഴിഞ്ഞ് ഒഴിക്കുക. അതോടൊപ്പം അര ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും അൽപം കറിവേപ്പിലയും ചേർത്ത് എല്ലാം നന്നായി തിരുമ്മി പിടിപ്പിക്കുക.

അരമണിക്കൂർ നേരം മസാല പിടിക്കാൻ വച്ചശേഷം അടുപ്പിൽ പാൻ വെച്ച് ഓയിൽ ഒഴിച്ച് മീൻ നന്നായി ഫ്രൈ ചെയ്തെടുക്കുക. ഇനി ഒരു മസാല തയ്യാറാക്കാൻ ഉണ്ട്. ഇതിനായി ഒരു പാനിൽ അല്പം ഓയിൽ ഒഴിക്കുക. അതിനു ശേഷം മൂന്ന് മീഡിയം വലിപ്പമുള്ള സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് അൽപം കറിവേപ്പില ഇട്ട് കൊടുക്കുക. ശേഷം ചെറിയ കഷണം ഇഞ്ചിയും 3 വെളുത്തുള്ളിയും അരക്കപ്പ് ചുവന്നുള്ളിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും രണ്ട് പച്ചമുളകും ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിനുശേഷം ഇത് വഴറ്റിവെച്ച സവാളയിലേക്ക് ചേർത്ത് കൊടുക്കുക. പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇത് മൂടി വെച്ച് വേവിക്കുക.

ഇതിലെ വെള്ളം എല്ലാം വറ്റി ഡ്രൈ ആകുന്നവരെ ഇളക്കുക. ഡ്രൈ ആയതിനുശേഷം ഈ മസാല വാഴയില യിലേക്ക് പകുതി വെക്കുക. അതിനുശേഷം അതിനു മുകളിലായി അല്പം കറിവേപ്പില വയ്ക്കുക. ഇനി ഇതിനു മുകളിലായി മീൻ വച്ചശേഷം മീൻ പൊതിയുന്ന രീതിയിൽ മുകളിലായി മസാല വെച്ചു കൊടുക്കുക.

ഇതിൽ മുകളിൽ കുറച്ച് കറിവേപ്പില ഇട്ടശേഷം വാഴയിലകൊണ്ട് നന്നായി അടച്ച് കെട്ടി വയ്ക്കുക. ഇനി ഒരു പാനിൽ അല്പം ഓയിൽ ഒഴിച്ച് ഇത് അതിലേക്ക് വെച്ച് വാഴയില ഒരു ബ്രൗൺ നിറമാകുന്നതുവരെ കുക്ക് ചെയ്യുക. വളരെ ടേസ്റ്റിയായ ആവോലി പൊള്ളിച്ചത് തയ്യാർ.