അരവണ പായസം ഉണ്ടാക്കുന്ന സ്പെഷ്യൽ രുചിക്കൂട്ട് അറിയാം ! ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം സ്വാദിഷ്ടമായ അരവണ പായസം..

ശബരിമലയിലെ അരവണ പായസം ഒരു തവണയെങ്കിലും രുചി നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആരെങ്കിലും ഒരാൾ കൊണ്ടുവന്നാൽ ജാതി മത ഭേദമന്യേ എല്ലാവരും വാങ്ങി കഴിക്കുന്ന ഒന്നാണ് ഇത്‌. കൂടുതലായും ശബരിമല സീസണിൽ ആണ് കൂടുതൽ പേരും ഇത് കഴിക്കാറുള്ളത്. എന്നാൽ നമുക്ക് ആവശ്യാനുസരണം ഇപ്പോൾ വീട്ടിലും ഇതുണ്ടാക്കാൻ കഴിയും. എങ്ങനെയാണെന്നറിയണ്ടേ? 

ചേരുവകൾ ഏതെന്നു നോക്കാം, ചെമ്പാ റൈസ് അല്ലെങ്കിൽ ഉണക്കലരി 250 ഗ്രാം, ശർക്കര 1kg, നെയ്യ്‌ 250 gm, ഏലക്കാപ്പൊടി 1 ടീസ്പൂൺ, അണ്ടിപ്പരിപ്പ് ഒരു പിടി, ഉണക്ക മുന്തിരി ഒരു പിടി, തേങ്ങാക്കൊത്തു ഒരു പിടി.

ആദ്യമായി അടി കട്ടിയുള്ള ഒരു പാത്രം വെച്ചു അതിലേക്ക് അരി വേവിക്കാൻ ആവശ്യമായ വെള്ളം ഒഴിച്ചു തിളക്കാൻ വയ്ക്കുക.  അത് ഏകദേശം ഒരു 5 കപ്പ് ഓളം വരും. വെള്ളത്തിന്റെ അളവിൽ പലപ്പോഴും മാറ്റം വരാം അത്കൊണ്ട് അത് പ്രത്യേകം ശ്രദ്ധിക്കുക.  ആ സമയം അരി എടുത്തു കഴുകി കുതിരാൻ വയ്ക്കുക. ഇനി നമുക്ക്‌ മറ്റൊരു ചീനച്ചട്ടിയിൽ കുറച്ച് നെയ്യ്‌ ഒഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും വറുത്തെടുക്കുക.

തിളച്ച വെള്ളത്തിലേക്ക് അരിയിട്ടു വേകാൻ വയ്ക്കുക. അതു നന്നായി വെന്തു വരട്ടെ. ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് ചെറുപയർ പരിപ്പ് കൂടി ചേർത്ത് കൊടുത്തു ഒരുമിച്ചു വേവിക്കുക. താല്പര്യമുള്ളവർ മാത്രം ഇത് ചേർത്താൽ മതി. ഇനി ശർക്കര പാനിയുണ്ടാക്കി അരിച്ചു വെക്കുക.

അരി മുക്കാൽ ഭാഗവും വെന്തു കഴിഞ്ഞാൽ ഉരുക്കി വെച്ച ശർക്കര ചേർത്തു കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. ഇനി ഇത് നന്നായി ഒന്നു വറ്റിച്ചെടുക്കുക. ഏകദേശം അര മുക്കാൽ മണിക്കൂർ എടുക്കും ഇതൊന്ന് വറ്റി വരാൻ. അടി പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് നെയ്യ്‌ ചേർത്ത് കൊടുക്കുക. ഇതിന്റെ പാകം അറിയുന്നത് പായസം അടിയിൽ നിന്നു വിട്ടു വരുന്നത് കാണുമ്പോഴാണ്.

ഇനി ഇതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പ് ഉം മുന്തിരിയും തേങ്ങാക്കൊത്തും ഏലക്കാപൊടിയും ചേർത്ത് കൊടുക്കുക. കുറച്ച നെയ്യ്‌ കൂടി ചേർത്തു കൊടുക്കുക. തീ ഓഫ്‌ ചെയ്യാം. അപ്പോൾ നമ്മുടെ അടിപൊളി അര വണ പായസം റെഡി ആയിട്ടുണ്ട്. എല്ലാവരും തീർച്ചയായും തയ്യാറാക്കി നോക്കണം. 

x